Tuesday, February 1, 2022

സണ്ണിച്ചേട്ടൻ

 സണ്ണി അഥവാ സണ്ണിച്ചേട്ടൻ അഥവാ കൊരങ്ങാടി സണ്ണി .ഒറ്റവാക്കിൽ പറഞ്ഞാൽ കഠിനാധ്വാനി ,പഞ്ചപാവം .


വിയറ്റ്നാം കോളനിയിലെ റാവുത്തറുടെ ശരീര മികവും ജോക്കറിലെ ബഹദൂറിന്റെ മനസ്സലിവുമുള്ളൊരു പാവം . 

ഒരു ബാന്റ്മേള കലാകാരൻ കൂടിയാണ് സണ്ണിച്ചേട്ടൻ  ... 


ലൈസൻസില്ലാതെ വണ്ടിയോടിച്ചതിന് പോലീസ് ഒരിക്കൽ സണ്ണി ചേട്ടനെ പിടിച്ചു .ലൈസൻസില്ലാതെ എന്തിനാടാ വണ്ടിയെടുത്തത് എന്ന കാക്കി ഗർജനത്തിന് മുന്നിൽ 


" ഒരു കൊതി കൊണ്ട് മേടിച്ചതാ സാറെ "

 എന്ന നിഷ്കളങ്കമായ മറുപടി പോലീസുകാരെ പോലും ചിരിപ്പിച്ചു ..


ലൈസൻസ് കേസ് ഒഴിവാക്കിയാൽ വിട്ടുവീഴ്ചയില്ലാത്ത ട്രാഫിക്ക് നിയമത്തിന്റെ ആരാധകനും വിശിഷ്യാ ഫോളോവറും കൂടെയാണ് സണ്ണി ചേട്ടൻ ...


സണ്ണി ചേട്ടനും സൂർത്തും കൂടി ഒരിക്കല് പൊൻകുന്നം ടൗണിലെ ട്രാഫിക്ക് ഐലന്റിന് സമീപത്തു കൂടി നടക്കുകയാണ് .


സൂർത്ത് നോക്കിപ്പോ സണ്ണി ചേട്ടനെ കാണാനില്ല തിരിഞ്ഞ് നോക്കിയപ്പോൾ ട്രാഫിക് സിഗ്നലിലെ ചോപ്പ് ലൈറ്റ് കത്തിയോണ്ട് സണ്ണി ചേട്ടനും തന്റെ യാത്ര സ്റ്റോപ്പ് ചെയ്തു നിൽക്കുകയാണ് :


നടന്നാണേലും വണ്ടീലാണേലും ചോപ്പ് ലൈറ്റ് കണ്ടാൽ നിൽക്കും .. 

അതാണ് നിയമത്തിലുള്ള വിശ്വാസം ...


ബാന്റ് മേളകലാകാരനാണ് സണ്ണി ചേട്ടൻ എന്ന് സൂചിപ്പിച്ചിരുന്നല്ലോ . കൊരങ്ങാടി ബാന്റ് സെറ്റിന്റെ പ്രധാനകലാകാരനാണ് സണ്ണി ചേട്ടൻ .കൊട്ടുന്നതും ഊതുന്നതുമായ എല്ലാവിധ ഉപകരണങ്ങളിലും എക്സ്പേട്ട് .


 പേഫക്ഷനാണ് സണ്ണി ചേട്ടന്റെ മുഖമുദ്ര .


" പ്രാക്ടീസ് മേക്ക് പേഫക്ഷൻ " .

എന്ന ആപ്തവാക്യത്തിൽ ഉറച്ച് വിശ്വസ്സിക്കുകയും കലാജീവിതത്തിൽ നടപ്പാക്കുകയും ചെയ്യുന്ന സത്യസന്ധൻ.


പലപ്പോഴും ഈ സത്യസന്ധത സണ്ണിച്ചേട്ടന് വിനയായിട്ടുണ്ട് അതിലെ ഒരു കഥ പറയാം ....


ഒക്ടോബർ നവംബർ മാസമാവുമ്പോ ബാന്റ് സെറ്റ് ആ വർഷത്തെ റിഹേഴ്സലും പ്രാക്ടീസും തുടങ്ങും .അഞ്ച് മണിയോട് കൂടി തുടങ്ങുന്ന പ്രാക്ടീസ് ഏകദേശം ഏട്ടര ഒൻപത് മണിക്ക് നിർത്തും .


ഒരിക്കല് പ്രാക്ടീസും കഴിഞ്ഞ് വീട്ടിലെത്തി കഞ്ഞി കുടിയും കഴിഞ്ഞു കിടന്ന സണ്ണി ചേട്ടന് ഒരു തോന്നൽ 


" ഇന്നത്തെ പ്രാക്ടീസ് പോരാ ,ഒന്നൂടെ തെളിയാനൊണ്ട് " .


ഈ ചിന്തയുമായി കിടന്ന ടിയാന് ഉറക്കം വന്നില്ല ,തിരിഞ്ഞും മറിഞ്ഞും കിടന്നു , കട്ടൻ കാപ്പി കുടിച്ചു ,കുരിശ് വരച്ചു .എന്നിട്ടൊന്നും മനസ്സിന്റെ ഏനക്കേട് മാറുന്നില്ല .


രാത്രി രണ്ട് മണി വരെ അങ്ങനെ പോയി ..

അതോടെ സണ്ണി ചേട്ടൻ ബാന്റ് ഉപകരണങ്ങളെടുത്തു .ശരിയാകാനുള്ള താളം ശരിയാക്കാനായി അതിശക്തിയായി ഡ്രം കൊട്ടി ,ഊതുന്ന സാധനം എടുത്ത് ഊതി .....


പാതിരാത്രിയിൽ അപ്രതീക്ഷിതമായി കേട്ട ഈ കോലാഹലത്തിൽ കൊരങ്ങാടി ഗ്രാമം ഉണർന്നു വീടുകളിൽ ലൈറ്റുകൾ തെളിഞ്ഞു,ഏതവനാണീ കൊലച്ചതി ചെയ്തതെന്നന്വേഷിച്ച് ആളുകൾ പരക്കം പാഞ്ഞു .


കൊട്ടുന്നവന്റെ Bc3000 മുതലുള്ള പിതാമഹൻമാരെ തെറി വിളിച്ചു ......

ആ തെറി കേട്ട് ,പണ്ടേക്ക് പണ്ടേ മണ്ണടിഞ്ഞ കാർണവർമാർ മുതൽ ക്രോമാഗ്നോൺ മനുഷ്യർ വരെ വീണ്ടും മരിച്ചു .... 


ഗുരുസിനിമയെ മനസിൽ ധ്യാനിച്ച് ശബ്ദത്തെ പിടിച്ചവർക്ക് കാര്യം മനസിലായി ,കൊട്ടും ഊത്തും സണ്ണിയുടെ വീട്ടിൽ നിന്ന് ......


ചൂട്ടുറ്റ ,പന്തം ,ബാറ്ററി ടോർച്ച് ,മെഴുകു തിരി ആതിയായ പ്രകാശങ്ങളും ,കമ്പി കുറുവടി വാക്കത്തി സൈക്കിൾ ചെയിൻ മുതലായ ആയുധങ്ങളും മായും ഓര് സണ്ണി ചേട്ടന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു ...


താളം ശരിയാക്കുന്നതിൽ 150% ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സണ്ണി ചേട്ടൻ ഇടക്ക് തലയുയർത്തി നോക്കിയപ്പോൾ മുറ്റം നിറച്ച് ആൾക്കാർ ..


വന്നവരെല്ലാം തന്റെ സംഗീതം ആസ്വദിക്കാൻ വന്നവരാണെന്ന ,ശങ്കർ സിമിന്റിന്റെ ഉറപ്പിന്  തുല്യമായ വിശ്വാസത്തിൽ സണ്ണി ചേട്ടൻ പറഞ്ഞു .


" എല്ലാരും ഒള്ള ഇടയിലൊക്കെ ഇരിക്ക് ,പിള്ളാരെ മുന്നിലിരുത്ത് " ...


എന്നിട്ട് അകത്ത് നോക്കി ഭാര്യയോടായി ഒരു നിർദേശം ...


" എടിയേ എല്ലാർക്കും കട്ടനെടുത്തോളോ " !!! .


തിരിഞ്ഞ് നാട്ടുകാരോടായി ഒരു കുശലം.


" കട്ടനും റസ്ക്കും പോരെ, ഉം " ????


 വന്നവരിൽ ചിലർ കട്ടൻ + റസ്ക് എന്ന ഓഫറിലേക്ക് വീഴാൻ തുടങ്ങിയ സമയത്ത് തന്നെ ,പ്രതിക്ഷേധ നേതാവ് ഒറ്റ ചോദ്യം 


" പാതിരാത്രീ മനുഷന്റെ ഒറക്കം കളഞാണോ നീയ് കോപ്പ് കൊട്ടുന്നത് " ????


പിന്നീട് കേരള പോലീസിന്റെ വൊക്കാബുലർ മാന്വലിൽ ഇടം പിടിച്ച വാഗ്ധോരണികളും അവിടെ പിറന്നു ....


സംഗതി ആരാധകരല്ല സംഗീത ബോധമില്ലാത്ത ജാഢ ബൂർഷാസികളാണ് വന്നതെന്ന് സണ്ണി ചേട്ടന് അപ്പോഴാണ് കത്തിയത് .


അപ്പോൾ തന്നെ അകത്തേക്ക് നോക്കി, കട്ടനും റസ്കുമടങ്ങിയ മുമ്പ് കൊടുത്ത  ഓഡർ ക്യാൻസൽ ചെയ്തു ...


" മേലിൽ ഒൻപത് മണിക്ക് ശേഷം ഡ്രമ്മിലും ഒന്നും തൊടില്ലന്ന് ആ കൂടെ തികച്ചും സൗജന്യമായി ചെയ്യിച്ച 101 ഏത്തത്തിന്റെ സപ്പോർട്ടോട് കൂടി സത്യം ചെയ്ത ശേഷമാണ് നാട്ടുകാർ സണ്ണി ചേട്ടനെ റിലീസ് ചെയ്തത് ....


സംഗതി അവിടെ കൊണ്ടും തീർന്നില്ല ........


നാട്ട്കാര് പിരിഞ്ഞ് പോണേന് മുമ്പ് അൽപം ശബ്ദത്തിൽ സണ്ണി ചേട്ടൻ ഒരു ആത്മഗതം തട്ടി .....


" അല്ലങ്കിലും ഇപ്പഴത്തെ കാലത്ത് ഒരു നാറിക്കും ശുദ്ധസംഗീതം വേണ്ട " 


അത് കൂടി കേട്ടതോടെ ടിയാന്റെ കണ്ണും കെട്ടി തോട് കടത്തി വിട്ട ശേഷമാണ് നാട്ടുകാർ പിരിഞ്ഞത് ......


* * * * * * *

No comments: